പൈപ്പ് വെള്ളത്തെച്ചൊല്ലിയുള്ള തര്‍ക്കം; കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു(വിഡിയോ)

Update: 2025-03-20 11:29 GMT

ഭഗല്‍പൂര്‍: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു.വിശ്വജിത് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭഗല്‍പൂരിലെ നൗഗച്ചിയയിലെ ജഗത്പൂര്‍ ഗ്രാമത്തിലെ വസതിയില്‍ പൈപ്പ് വെള്ളത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പിന് കാരണമെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷത്തില്‍ നിത്യാനന്ദ് റായിയുടെ സഹോദരിക്കും വെടിയേറ്റു.

രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുകയും ഇരുവരും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. പോലിസ് പറയുന്നതനുസരിച്ച്, ടാപ്പ് തന്റേതാണെന്ന് പറഞ്ഞ് വെള്ളം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജയജിത്ത് വിശ്വജിത്തിനെ എതിര്‍ത്തു, ഇതിനെ തുടര്‍ന്ന് വിശ്വജിത് ജയജിത്തിനെ വെടിവച്ചു. ജയജിത് ആയുധം പിടിച്ചെടുത്ത് തിരിച്ച് വെടിവക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ ഇവരുടെ മാതാവിനും വെടിയേറ്റു.


ഫോട്ടോ:നിത്യാനന്ദ് റായി



മൂവരെയും ഭഗല്‍പൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിശ്വജിത് മരിച്ചിരുന്നു. ജയജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സഹോദരന്മാര്‍ ഒരേ വീട്ടിലാണ് താമസിച്ചിരുന്നതെങ്കിലും, അവര്‍ക്കിടയില്‍ ദീര്‍ഘകാലമായി തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Tags: