പഞ്ചായത്ത് വാഹനത്തെ ചൊല്ലി തര്‍ക്കം, സെക്രട്ടറിയെ റോഡില്‍ തടഞ്ഞ് പ്രസിഡന്റ്

Update: 2025-12-27 15:40 GMT

തിരുവനന്തപുരം: വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തെ ചൊല്ലി തര്‍ക്കം. വാഹനം വേണമെന്ന് ആവശ്യമുയര്‍ത്തി പഞ്ചായത്ത് സെക്രട്ടറിയെ റോഡില്‍ പഞ്ചായത്ത് പ്രസിഡന്റ് തടയുകയായിരുന്നു. വിവിധ ഇടങ്ങളില്‍ പോകാനായി വാഹനം വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി. എന്നാല്‍ അഞ്ചുമണിക്കു ശേഷം വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാട് സെക്രട്ടറി സ്വീകരിച്ചതോടെ തര്‍ക്കം മുറുകി.

പഞ്ചായത്തില്‍ നടന്ന സത്യപ്രതിജ്ഞ റിപോര്‍ട്ടുകള്‍ കളക്ടറേറ്റില്‍ സമര്‍പ്പിച്ചു മടങ്ങിവരവേയാണ് വെള്ളനാട് കുളക്കോട് ഭാഗത്തു വെച്ച് പഞ്ചായത്ത് വാഹനം പ്രസിഡന്റ് തടഞ്ഞത്. സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശി വാഹനത്തിനുള്ളില്‍ ഇരിപ്പുറപ്പിച്ചു. പഞ്ചായത്ത് വാഹനത്തില്‍ കളക്ടറേറ്റില്‍ പോയ ജീവനക്കാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി എല്‍ സിന്ധു സ്ഥലത്തെത്തി. പിന്നീട് വെള്ളനാട് ശശിയെ കുളക്കോടുള്ള വീട്ടിലെത്തിച്ച ശേഷം വാഹനം തിരികെ പഞ്ചായത്തിലെത്തിച്ചു.