ലാലു പ്രസാദിന്റെ കുടുംബത്തില്‍ കലഹം; മകള്‍ രോഹിണി ആചാര്യക്കു പിന്നാലെ മൂന്നു പെണ്‍മക്കള്‍ വീടുവിട്ടു

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപിന്നാലെയാണ് ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്

Update: 2025-11-16 15:11 GMT

പറ്റ്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യക്കു പിന്നാലെ അദ്ദേഹത്തിന്റെ മറ്റു മൂന്നു പെണ്‍മക്കള്‍ കൂടി വീടുവിട്ടു. രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍ കുട്ടികളോടൊപ്പം പറ്റ്‌നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്കു പോയതായാണ് റിപോര്‍ട്ട്. ഇവര്‍ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ലാലു പ്രസാദിന്റെ സിംഗപ്പൂരില്‍ താമസിക്കുന്ന മകളും ഡോക്ടറുമായ രോഹിണി ആചാര്യയാണ് രാഷ്ട്രീയവും ഒപ്പം കുടുംബ ബന്ധവും ഉപേക്ഷിച്ചതായി ആദ്യം പ്രഖ്യാപിച്ചത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപിന്നാലെയാണ് ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 75ല്‍ നിന്ന് വെറും 25 ആയാണ് കുറഞ്ഞത്.

ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രോഹിണിയുടെ പ്രതികരണം. 2022ല്‍ ലാലുപ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത ആചാര്യ, തന്റെ വൃത്തികെട്ട വൃക്ക അച്ഛനു നല്‍കി തിരഞ്ഞെടുപ്പ് ടിക്കറ്റ് വാങ്ങിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. വൃക്ക നല്‍കി താന്‍ പണവും സീറ്റും വാങ്ങി. തന്നെ പോലെ ഒരു മകളോ സഹോദരിയോ ഒരു വീട്ടിലും ജനിക്കാതിരിക്കട്ടെ എന്നാണ് പറയുന്നത്. തന്റെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടാണ് അപമാനം നേരിട്ടതെന്നും രോഹിണി വിമര്‍ശിച്ചിരുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആര്‍ജെഡിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവും ദീര്‍ഘകാല സഹപ്രവര്‍ത്തകനായ റമീസുമാണ് കുടുംബ കലഹങ്ങള്‍ക്കു പിന്നിലെന്നാണ് രോഹിണി സൂചിപ്പിക്കുന്നത്.

'ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാന്‍ ഏറ്റെടുക്കുകയാണ്, എന്നായിരുന്നു ശനിയാഴ്ചത്തെ അവരുടെ എക്‌സ് കുറിപ്പ്. ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും രോഹിണിയുടെ സഹോദരന്‍ തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയകുടുംബത്തില്‍നിന്നുള്ള അംഗമായ റമീസ്, തേജസ്വിയുടെ സുഹൃത്താണ്. രോഹിണിക്ക് താല്‍പര്യമുള്ളവരല്ല ഇവര്‍ രണ്ടുപേരുമെന്നാണ് വിവരം.

നേരത്തെ പാര്‍ട്ടിവിട്ട മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവ് രോഹിണിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി. തനിക്കെതിരായ പല ആക്രമണങ്ങളും താന്‍ സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ സഹോദരിയുടെ അപമാനം അസഹനീയമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ചില മുഖങ്ങള്‍ തേജസ്വിയുടെ വിവേചനബുദ്ധിയെ മറയ്ക്കുന്നുവെന്നും ഈ പോരാട്ടം ഒരു മകളുടെ അഭിമാനത്തിനും ബിഹാറിന്റെ ആത്മാഭിമാനത്തിനും വേണ്ടിയുള്ളതാണെന്നും തേജ് പ്രതാപ് യാദവ് എക്‌സില്‍ കുറിച്ചു. നേരത്തെ പാര്‍ട്ടിവിട്ട അദ്ദേഹം പിന്നീട് ജന്‍ശക്തി ജനതാദള്‍(ജെജെഡി)പാര്‍ട്ടി രൂപീകരിക്കുകയും മഹ്വ നിയമസഭാ സീറ്റില്‍ മല്‍സരിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.