തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകള്‍ തകരാറിലായി. നാലു മെഷീനുകളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള എസ്എടി ആശുപത്രിയില്‍ എത്തിച്ചാണ് അണുവിമുക്തമാക്കുന്നത്.
എസ്എടി ആശുപത്രിയില്‍ അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ തിരികെ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ കാലതാമസം നേരിടുന്നതായും ഇത് ശസ്ത്രക്രിയകള്‍ക്കും രോഗികള്‍ക്ക് നല്‍കേണ്ട ചികില്‍സയ്ക്കും കാലതാമസം ഉണ്ടാക്കാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
2024ലാണ് ഈ നാലു മെഷീനുകളില്‍ രണ്ട് എണ്ണം തകരാറിലായത്. പിന്നീട് മറ്റു മെഷീനുകളും പ്രവര്‍ത്തനരഹിതമായതോടെ പ്രശ്‌നം രൂക്ഷമായി. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് മെഷീനുകള്‍ പുനരുദ്ധരിക്കുകയോ പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.