തല്ലിക്കൊല നഷ്ടപരിഹാരത്തിലും വിവേചനം; കേരള-കര്‍ണാടക സര്‍ക്കാരുകള്‍ക്ക് ഇരട്ടത്താപ്പ്
കോഴിക്കോട്: ആള്‍ക്കൂട്ടം ചമഞ്ഞ് ഹിന്ദുത്വര്‍ നടത്തിയ തല്ലിക്കൊലയിലെ നഷ്ടപരിഹാരം നല്‍കുന്നതില്‍ കേരള, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് വിവേചനം. ബംഗ്ലാദേശി എന്നാരോപിച്ച് കേരളത്തിലെ പാലക്കാട് അട്ടപ്പാടിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തല്ലിക്കൊന്ന ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ്‍ ബെഗലിനോടും കര്‍ണാടകമംഗളൂരു കുഡുപ്പൂവില്‍ കൊല്ലപ്പെട്ട മലപ്പുറം പറപ്പൂര്‍ സ്വദേശി അഷറഫിന്റെ വിഷയത്തിലുമാണ് ഇരട്ടത്താപ്പ്.
ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ്‍ ബെഗലിന്റെ കൊലപാതകത്തെ തുടര്‍ന്ന ആള്‍ക്കൂട്ടക്കൊലക്കെതിരേ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സംഭവത്തില്‍ ഇതുവരെ ഏഴു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപോര്‍ട്ട്.
സംഭവത്തില്‍ വീട്ടുകാര്‍ വലിയ തരത്തിലുളള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മതിയായ നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകില്ലെന്നായിരുന്നു നിലപാട്. തുടര്‍ന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. അതേ സമയം, രാം നാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മംഗളൂരുവില്‍ ആള്‍ക്കൂട്ടകൊലപാതകത്തിനിരയായ അഷ്‌റഫിന്റെ കുടുംബത്തിന് ഇതുവരെയായും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഏപ്രില്‍ 27 നായിരുന്നു മംഗളൂരുവില്‍ മാനസിക വൈകല്യമുള്ള മുസ്ലിം യുവാവ് അഷ്റഫിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുള്ള സ്‌ക്രാപ്പ് ശേഖരണക്കാരനായ അഷ്റഫ്, കുഡുപ്പില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയാണ് ആക്രമിക്കപ്പെട്ടത്.
ബിജെപി കോര്‍പ്പറേറ്റര്‍ സംഗീത നായക്കിന്റെ ഭര്‍ത്താവ് രവീന്ദ്ര നായക്കിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ക്രിക്കറ്റ് ബാറ്റും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് അഷ്റഫ് തളര്‍ന്നുപോകുന്നതുവരെ മര്‍ദ്ദിക്കപ്പെട്ടിരുന്നു. ഭീകരമായ രീതിയിലായിരുന്നു ഹിന്ദുത്വര്‍ ഇയാളെ മര്‍ദ്ദിച്ചുകൊന്നത്.
എന്നാല്‍ സംഭവത്തില്‍ ആ കുടുംബത്തോട് സര്‍ക്കാര്‍ ഇതുവരെയും നീതി പുലര്‍ത്തിയിട്ടില്ല. രണ്ടു പേര്‍ക്കും രണ്ടു നീതിയോ എന്നതാണ് ആളുകളില്‍ നിന്നുയരുന്ന ചോദ്യം. രാംനാരായണ്‍ന്റെ കുടുംബത്തിന് 30 ലക്ഷം നല്‍കുന്ന സര്‍ക്കാരിന് സ്വന്തം നാട്ടുകാരനെ അന്യനാട്ടില്‍ വച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നതില്‍ ഒന്നും പറയാനും ചെയ്യാനുമില്ലേ എന്നതാണ് ചോദ്യം. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് എന്നതാണ് വാസ്തവം.

