ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലിസ്
എറണാകുളം: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലിസ്. തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രഞ്ജിത്തിനെ നാളെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. തെളിവുകള്‍ സമാഹരിക്കുന്നതിനായി സിനിമാ സെറ്റില്‍ ഉണ്ടായിരുന്നവരെ നാളെ മുതല്‍ ചോദ്യം ചെയ്യും. ഷൂട്ടിംഗ് നടന്ന സ്ഥലത്തും കാരവനിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
ജനുവരി 30നാണ് കേസിന് ആസ്പദമായ സംഭവം. അന്നേദിവസം ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തും. കാരവനിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ പ്രധാന തെളിവുകളായി പരിഗണിക്കും. അതേസമയം, രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും നാളെയാണ് കോടതി പരിഗണിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രഞ്ജിത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ്.