കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. റിമാന്‍ഡിലായി 10 ദിവസത്തിന് ശേഷമാണ് ജാമ്യം. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. അന്വേഷണത്തോട് സഹകരിക്കാമെന്ന് രഞ്ജിത്ത് കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജാമ്യം അനുവദിക്കരുതെന്നും, കസ്റ്റഡിയില്‍ വേണമെന്നും പോലിസ് ആവശ്യപ്പെട്ടു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
