കല്‍പറ്റ: കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചതിന് കാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്ന ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പുകളും അപകടത്തിനു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പാല്‍ വാങ്ങാനായി വീടിനു താഴെയുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന(19)യാണ് ഇന്ന് രാവിലെ ജീപ്പിടിച്ച് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്.
കല്‍പറ്റയില്‍നിന്നു മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് ദില്‍ഷാനയെ ഇടിച്ചുതെറിപ്പിച്ചത്. ഇതിനുപിന്നാലെ പൈപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ജീപ്പ് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. ദില്‍ഷാനയെ വാഹനം ഇടിച്ചത് കണ്ട അയല്‍വാസിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും റിപോര്‍ട്ടുണ്ട്. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.