ജിദ്ദ: സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ ലഭ്യമാകും. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഔദ്യോഗികമായി ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ടുപേര്‍ക്കാണ് ഇ-പാസ്പോര്‍ട്ടുകള്‍ കൈമാറിയത്. 36 പേജുകളുള്ള ഈ പുതിയ പാസ്പോര്‍ട്ടുകളില്‍ ഉടമയുടെ ഫോട്ടോ ഉള്‍പ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ചിപ്പില്‍ സൂക്ഷിച്ചിരിക്കും. നിലവില്‍ പാസ്പോര്‍ട്ട് കാലാവധി ബാക്കി നില്‍ക്കുന്നവര്‍ക്ക് പുതിയ ഇ-പാസ്പോര്‍ട്ടിന് കാലാവധി തീരുന്ന ശേഷം മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷാ ഫീസില്‍ മാറ്റങ്ങളൊന്നുമില്ലെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
ജിദ്ദയിലും റിയാദിലുമുള്ള പാസ്പോര്‍ട്ട് പ്രിന്റ് കേന്ദ്രങ്ങളിലൂടെ സേവനം ആരംഭിച്ചു. നിലവില്‍ 150ലധികം രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ള ഇ-പാസ്പോര്‍ട്ട് സംവിധാനം ഇന്ത്യയും സ്വീകരിച്ചതോടെ, ലോകമെമ്പാടുമുള്ള ഇന്ത്യന്‍ യാത്രക്കാരുടെ യാത്രാ പ്രക്രിയയും എയര്‍പോര്‍ട്ടുകളിലെ ഇ-ഗേറ്റ് പരിശോധനയും കൂടുതല്‍ സുഗമമാകുമെന്ന് അധികൃതര്‍ അറിയിച്ചു.