പൂനെയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: 1.2 കോടി നഷ്ടപ്പെട്ടതില്‍ മനോവിഷമം; വയോധികന്‍ മരിച്ചു

Update: 2025-10-31 06:04 GMT

പൂനെ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ ഇരയായി 1.2 കോടി രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ 82 വയസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു. റിട്ട. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു മരിച്ചത്. മുംബൈ പോലിസ് ഉദ്യോഗസ്ഥന്റെ പേരില്‍ വന്ന കോളിലാണ് സംഭവം ആരംഭിച്ചത്. ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരു വിദേശ എയര്‍ലൈനുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഫോണ്‍വഴി ഭീഷണി മുഴക്കുകയായിരുന്നു.

ഡല്‍ഹിയിലെ സിബിഐ ഉന്നത ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ദമ്പതികളെ ഇവര്‍ വരുതിയിലാക്കിയത്. തുടര്‍ന്ന് മൂന്നുദിവസം പ്രതികള്‍ ദമ്പതികളെ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കി. ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈപറ്റിയ ഇവര്‍ അഞ്ചുബാങ്ക് അക്കൗണ്ടിലേക്കായി പണമായി 1.19 കോടി രൂപ അടക്കാന്‍ ആവശ്യപ്പെട്ടു.

ജീവിതസമ്പാദ്യവും വിദേശത്തുള്ള മക്കള്‍ അയച്ച പണവും നഷ്ടപ്പെട്ടതോടെ ഭര്‍ത്താവ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Tags: