മുംബൈയില്‍ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ്; സൈബര്‍ പോലിസ് ചമഞ്ഞ് ദമ്പതികളില്‍ നിന്ന് 50 ലക്ഷം തട്ടിയെടുത്തു
മുംബൈ: സൈബര്‍ പോലിസ് ചമഞ്ഞ് ദമ്പതികളെ വീഡിയോ കോളിലൂടെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം നീണ്ട വീഡിയോ കോളിലൂടെയാണ് തട്ടിപ്പുകാര്‍ റിട്ടയര്‍ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥനെയും ഭാര്യയെയും ചതിച്ചത്.
നാസിക് പോലിസാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാര്‍ ദമ്പതികള്‍ കള്ളപ്പണക്കേസില്‍ പ്രതികളാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. വിശ്വസിപ്പിക്കാനായി വ്യാജ എഫ്‌ഐആര്‍ കാണിച്ച ശേഷം, എന്‍ഐഎ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്നു ദിവസം കോളില്‍ തുടരണം എന്നായിരുന്നു നിര്‍ദേശം.
തുടര്‍ന്ന്, അക്കൗണ്ട് പരിശോധനയെന്ന പേരില്‍ ദമ്പതികളില്‍ നിന്ന് ബാങ്ക് വിവരങ്ങളും പാസ് വേഡുകളും വാങ്ങി. പണം പരിശോധിക്കാനാണെന്ന വ്യാജേന നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടു. പരിഭ്രാന്തരായ ദമ്പതികള്‍ പണമയച്ചതോടെ തട്ടിപ്പുകാര്‍ ബന്ധം വിച്ഛേദിച്ചു.
പ്രായമായവരെയാണ് ഇത്തരം 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യമിടുന്നത്. നിയമപാലകര്‍ നിരീക്ഷിക്കുന്നുവെന്ന പേരില്‍ ഭീഷണി മുഴക്കി ഇരകളെ വലയിലാക്കുന്ന ഈ രീതിയിലുള്ള തട്ടിപ്പുകള്‍ രാജ്യത്തുടനീളം വ്യാപകമായി വര്‍ധിച്ചുവരികയാണ്. പോലിസോ അന്വേഷണ ഏജന്‍സികളോ പണമയയ്ക്കാന്‍ ആവശ്യപ്പെടുകയോ വീഡിയോ കോളില്‍ ബന്ധപ്പെടുകയോ ഒരിക്കലും ചെയ്യില്ലെന്നും ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.
