കോടികളുടെ രത്‌നക്കല്ല് തട്ടിയെടുത്ത കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-08-19 04:00 GMT

തളിപ്പറമ്പ്: കോടിക്കണക്കിന് രൂപ വിലയുള്ള രത്‌നക്കല്ല് തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍. ചെറുകുന്ന് തെക്കുമ്പാട്ടെ എം കലേഷ് (36), ചെറുകുന്ന് ആയിരംതെങ്ങിലെ പി പി ഷാഹുല്‍ (30) എന്നിവരെയാണ് തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി ഏഴിനാണ് പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍ എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാമറൈന്‍ എന്ന രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. 45 വര്‍ഷമായി കൃഷ്ണന്‍ കൈവശം വെച്ചിരുന്ന ഇത് വാങ്ങാനായി മാസങ്ങളായി ബന്ധപ്പെട്ടുവരുന്ന മയ്യില്‍ സ്വദേശി ബിജു പറഞ്ഞത് പ്രകാരമാണ് ജനുവരി ഏഴിന് രാവിലെ 11.10ന് രത്‌നക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് പിറകിലുള്ള പാര്‍ക്കിങ് സ്ഥലത്തിന് സമീപം കൃഷ്ണനെത്തിയത്. ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി.