മംഗലാപുരം: ധര്‍മ്മസ്ഥല കേസിലെ മുഖ്യപ്രതിയായ ചിന്നയ്യയ്ക്ക് ജാമ്യം. മംഗളൂരു ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 12 കര്‍ശന വ്യവസ്ഥകളാണ് ജാമ്യം അനുവദിക്കുന്നതിനായി കോടതി ചുമത്തിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണം.
ഭാവിയില്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, വിചാരണ ഒഴിവാക്കാന്‍ ഒളിച്ചോടുകയോ സ്ഥലം വിടുകയോ ചെയ്യരുത്, സാക്ഷികളെ ഒരു തരത്തിലും ഭീഷണിപ്പെടുത്തുകയോ കൈക്കൂലി നല്‍കുകയോ സ്വാധീനിക്കുകയോ ചെയ്യരുത്, കേസുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിക്കണം, സമന്‍സ് ലഭിക്കുമ്പോള്‍ ഹാജരാകണം, അന്വേഷണത്തെ തടസ്സപ്പെടുത്തരുത്, കോടതി നിര്‍ദേശിക്കുന്ന എല്ലാ തീയതികളിലും ഹാജരാകണം, പ്രതിയും ജാമ്യക്കാരനും വിലാസ തെളിവ് - ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി അല്ലെങ്കില്‍ സമാനമായ രേഖകള്‍ നല്‍കണം, വിലാസത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ ഉടന്‍ കോടതിയെ അറിയിക്കണം, മൊബൈല്‍ നമ്പര്‍, വാട്ട്‌സ് ആപ്പ് കോണ്‍ടാക്റ്റ്, ഇമെയില്‍ ഐഡി, ലഭ്യമായ എല്ലാ കോണ്‍ടാക്റ്റ് വിവരങ്ങളും കോടതിയെ അറിയിക്കണം, ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം, കുറ്റപത്രം അല്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ പോലിസ് സ്റ്റേഷനില്‍ എത്തി ബന്ധപ്പെട്ട രജിസ്റ്ററില്‍ ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിക്കുന്നതിനിടെ, പ്രതി മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ലയോ കോടതിയുടെ അധികാരപരിധിയോ വിട്ടുപോകരുതെന്ന് ജഡ്ജി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് പ്രസ്താവനകള്‍ നല്‍കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. കേസില്‍ വിപുലമായ അന്വേഷണത്തിന് ശേഷം ഓഗസ്റ്റ് 23 ന് ചിന്നയ്യയെ അറസ്റ്റ് ചെയ്തത്.