ധര്‍മ്മസ്ഥല കൂട്ടക്കൊലപാതക കേസ്; പരാതിക്കാരന്റെ ജീവന് ഭീഷണി, പോലിസ് സെക്യൂരിറ്റി ഏര്‍പ്പെടുത്തി
മംഗളൂരു: ധര്‍മ്മസ്ഥല കൊലപാതകക്കേസിലെ സാക്ഷിയും പരാതിക്കാരനുമായ ആള്‍ക്ക് പോലിസ് സെക്യൂരിറ്റി അനുവദിച്ചു.ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പേഴ്സണല്‍ ഗണ്‍മാനും എസ്‌കോര്‍ട്ടും ഉള്‍പ്പെടുന്നവരം അനുവദിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ദക്ഷിണ കന്നഡ ജില്ലാ പോലിസാണ് പരാതിക്കാരന് സംരക്ഷണം നല്‍കിയിരിക്കുന്നത്. നേരത്തെ, തന്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് പരാതിക്കാരന്‍ അവകാശപ്പെടുകയും ദക്ഷിണ കന്നഡ പോലസിനോട് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബെല്‍ത്തങ്ങാടി താലൂക്കിലെ ധര്‍മ്മസ്ഥല ഗ്രാമത്തില്‍ ഒരു പതിറ്റാണ്ട് മുമ്പ് നടന്ന ബലാല്‍സംഗത്തിനും കൊലപാതകത്തിനും ഇരയായവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് അവകാശപ്പെട്ട മുന്‍ ശുചിത്വ തൊഴിലാളിയാണ് പരാതിക്കാരന്‍. കേസ് അന്വേഷിക്കുന്ന ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള എസ്ഐടി പരാതിക്കാരന്‍ കാണിച്ച 13 ശ്മശാന സ്ഥലങ്ങളില്‍ 12 എണ്ണത്തില്‍ കുഴിക്കല്‍ പൂര്‍ത്തിയാക്കി, ഒരു സ്ഥലത്ത് നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. അവസാനത്തെ ശ്മശാന നമ്പര്‍ 13ല്‍ കുഴിക്കല്‍നടപടികള്‍ കഴിഞ്ഞിട്ടില്ല.