ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടിട്ടുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍
മംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടെന്ന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക പോലിസ് സംഘത്തിന് പുതിയ പരാതി ലഭിച്ചു. ധര്‍മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കുന്നത് കണ്ടുവെന്ന് വ്യക്തമാക്കി ഒരു പ്രദേശവാസിയാണ് പരാതി നല്‍കിയത്. രഹസ്യമായാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതെങ്കിലും ഗ്രാമത്തില്‍ അതൊന്നും രഹസ്യമല്ലെന്ന് പരാതി പറയുന്നു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചു തരാന്‍ തയ്യാറാണെന്നും തന്നെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും പരാതിക്കാരന്‍ പോലിസിനോട് ആവശ്യപ്പെട്ടു. ധര്‍മസ്ഥലയിലെ അക്രമങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇത് മൂന്നാം പരാതിയാണ്.
അതേസമയം, ധര്‍മസ്ഥല സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്ന നാലു യൂട്യബര്‍മാരെ അജ്ഞാത സംഘം ആക്രമിച്ചു. അജയ് അഞ്ചന്‍, അഭിഷേക്, വിജയ് തുടങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. സ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ധര്‍മസ്ഥയിലെ ദുരൂഹതകള്‍ക്ക് പിന്നില്‍ ധര്‍മസ്ഥല മഞ്ചുനാഥേശ്വര ക്ഷേത്രം നടത്തുന്ന കുടുംബമാണെന്ന് ആരോപിക്കപ്പെടുന്ന വീഡിയോകള്‍ തടയണമെന്ന ആവശ്യം ഹരജി ഇന്ന് സിവില്‍ കോടതി തള്ളി. സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ ആര്‍ക്കും തടസമില്ലെന്നും കോടതി വ്യക്തമാക്കി.
