ധര്‍മസ്ഥലയിലെ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം വേണമെന്ന് പരാതി

Update: 2025-08-18 14:52 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ 2012ല്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം വേണമെന്ന് പരാതി. ബുര്‍ജെ ഗ്രാമത്തില്‍ കൊല്ലപ്പെട്ട ആന പാപ്പാന്‍ നാരായണ സാഫല്യ, സഹോദരി യമുന എന്നിവരുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് നാരായണ സാഫല്യയുടെ മക്കളായ ഗണേശും ഭാരതിയും പ്രത്യേക പോലിസ് സംഘത്തിന് പരാതി നല്‍കിയത്.

2012 സെപ്റ്റംബര്‍ 21നാണ് കൊല നടന്നതെന്ന് പരാതി പറയുന്നു. കേസില്‍ പോലിസ് നടപടികള്‍ സ്വീകരിക്കാതിരുന്നതിനാല്‍ 2013ല്‍ നവംബറില്‍ എസ്പിക്ക് പരാതി നല്‍കി. എന്നാല്‍, എസ്പിയും നടപടി സ്വീകരിച്ചില്ല.

ധര്‍മസ്ഥല ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരന്‍ ഹര്‍ഷേന്ദ കുമാര്‍ തന്റെ പിതാവിനെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായി പുതിയ പരാതി പറയുന്നു. ബുര്‍ജെയിലെ കുടുംബസ്വത്ത് വില്‍ക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ടുതവണ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തി വധഭീഷണിയും മുഴക്കി. 2012 സെപ്റ്റംബര്‍ 21ന് നാരായണയും യമുനയും കെഎസ്ആര്‍ടിസി ബസ്റ്റാന്റിലെ ഗണേശോല്‍സവ നാടകം കാണാന്‍ പോയി. രാത്രി പത്തുമണിക്കാണ് അവര്‍ തിരിച്ചുവീട്ടിലെത്തിയത്. അടുത്തദിവസം വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്തറിഞ്ഞത്. നാരായണയുടെ തല കല്ലുകൊണ്ട് അടിച്ച് തകര്‍ത്തിരുന്നു. അമ്മിക്കല്ലു കൊണ്ടാണ് യമുനയുടെ തല തകര്‍ത്തത്. മൂന്നുവര്‍ഷത്തിന് ശേഷം മക്കള്‍ വിവരം വീരേന്ദ്ര ഹെഗ്ഗഡെയോട് പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു വിട്ടുകള എന്നായിരുന്നു മറുപടി. പരാതി പരിശോധിക്കുമെന്ന് പ്രത്യേക പോലിസ് സംഘം വ്യക്തമാക്കി.