ധാരാലി ദുരന്തം; 100ലധികം ആളുകളെ ഇനിയും കാണാനില്ല; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു (വിഡിയോ)

Update: 2025-08-08 06:23 GMT

ഡെറാഡൂണ്‍: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100 മുതല്‍ 150 വരെ ആളുകളെ ഇപ്പോഴും കാണാനില്ലെന്ന് റിപോര്‍ട്ടുകള്‍. ഇവര്‍ക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ധരാലി ഗ്രാമത്തിലെ 80 ഏക്കറില്‍ 20 മുതല്‍ 50 അടി വരെ താഴ്ചയിലാണ് പല കെട്ടിടാവശിഷ്ടങ്ങളടക്കം ഉള്ളത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മൂന്ന് ജെസിബി മെഷീനുകള്‍ മാത്രമേയുള്ളൂ. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരയാന്‍ ഹൈടെക് തെര്‍മല്‍ സെന്‍സിംഗ് ഉപകരണങ്ങളും വലിയ മെഷീനുകളും ആവശ്യമാണ്, എന്നാല്‍ ഈ ഉപകരണം 60 കിലോമീറ്റര്‍ അകലെയുള്ള ഭട്വാഡിയില്‍ 2 ദിവസമായി കുടുങ്ങിക്കിടക്കുകയാണ്.

ഉത്തരകാശിയില്‍ നിന്ന് ഗംഗോത്രിയിലേക്ക് ധരാലിയിലൂടെ കടന്നുപോകുന്ന ഒരു റോഡ് മാത്രമേയുള്ളൂ. ഹര്‍ഷില്‍ നിന്ന് ധരാലിയിലേക്കുള്ള 3 കിലോമീറ്റര്‍ റോഡ് 4 സ്ഥലങ്ങളില്‍ 100 മുതല്‍ 150 മീറ്റര്‍ വരെയാണ് ഉള്ളത്. ഭട്വാഡി മുതല്‍ ഹര്‍ഷില്‍ വരെയുള്ള മൂന്ന് സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്, ഒരു പാലം തകര്‍ന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ധരാലിയിലേക്കുള്ള റോഡ് തുറക്കാന്‍ 3-4 ദിവസം കൂടി എടുത്തേക്കാം എന്നാണ് അനുമാനം.

ഓഗസ്റ്റ് അഞ്ചിനാണ്് ഉച്ചയ്ക്ക് 1.45 ന് ഉത്തരകാശി ജില്ലയിലെ ധരാലിയില്‍ മേഘസ്‌ഫോടനം ഉണ്ടായത്.തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഒരു ഗ്രാമം മൊത്തം ഒലിച്ചുപോവുകയായിരുന്നു. അതിവേഗം ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വന്ന അവശിഷ്ടങ്ങള്‍ ധരാലി ഗ്രാമത്തെ 34 സെക്കന്‍ഡിനുള്ളില്‍ നിലംപരിശാക്കി. ഇതുവരെ 5 മരണങ്ങള്‍ സ്ഥിരീകരിച്ചു. 70 പേരെയാണ് രക്ഷപ്പെടുത്തിയത്.

Tags: