ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി; പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തുവെന്ന് സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍
തിരുവനന്തപുരം: ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയതില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലാണ് തിരിമറി നടന്നത്. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചെലവഴിച്ചതില്‍ കൃത്രിമം നടത്തിയെന്നതാണ് പ്രശ്‌നമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 51 ലക്ഷം നഷ്ടപ്പെട്ടെന്നും പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ആരോപണം. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പുറത്താക്കിയാലും ഭയമില്ലെന്നും കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.
ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 'തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.'
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. അതുവരെ എല്ലാം കൈകാര്യം ചെയ്തത് അന്ന് ഏരിയ സെക്രട്ടറിയായിരുന്ന ടി ഐ മധുസൂധനന്‍ തന്നെയായിരുന്നു. ആ നിലയില്‍ തിരിമറിയുടെ ഉത്തരവാദിത്തവും ഏരിയ സെക്രട്ടറിക്കാണ്. പിന്നീട് കെ പി മധു ഏരിയ സെക്രട്ടറി ആയി വന്നു അതിനുശേഷമുള്ള കാര്യങ്ങളില്‍ കെ പി മധുവിനും ഉത്തരവാദിത്തമുണ്ട്. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ പിരിവിനുള്ള റസീപ്റ്റില്‍ എംഎല്‍എ തിരിമറി നടത്തി. വ്യാജ റസീപ്റ്റ് പ്രിന്റ് ചെയ്യിച്ചു. വരവിലും ചെലവിലും ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു.
'2017 ഡിസംബര്‍ 8, 9 തിയ്യതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരേയുള്ള കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുന്‍പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്‍പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചെലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്'. വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
ഇതിന്റെ തെളിവ് അടക്കം പാര്‍ട്ടിക്ക് മുന്നില്‍ വെച്ചു. എന്നാല്‍ നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവെക്കുകയാണ് ചെയ്തത്. ഇ പി ജയരാജന്റെ അനധികൃത ഇടപാടുകളെ കുറിച്ച് ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചു. ആരോപണം പാര്‍ട്ടി പരിശോധിച്ചില്ല. തന്നെ ശാസിച്ച് നിശബ്ദനാക്കാന്‍ നോക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പൊരുതി തോറ്റിട്ടാണ് അണികളോടുള്ള തന്റെ തുറന്നുപറച്ചില്‍. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടേ. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാം. എം വി ഗോവിന്ദനും കൊടിയേരി ബാലകൃഷ്ണനും തെളിവടക്കം കൈമാറിയെങ്കിലും കാര്യമുണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

