വിമാന ടിക്കറ്റ് റദ്ദാക്കലില്‍ ഇളവ്; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഡിജിസിഎ

Update: 2026-02-27 07:19 GMT

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനങ്ങളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷമുള്ള റദ്ദാക്കുന്നതിനും മാറ്റം വരുത്തല്‍ നടപടികളിലും നിലവിലുണ്ടായിരുന്ന കര്‍ശന വ്യവസ്ഥകളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

2025ല്‍ വ്യാപകമായി നടന്ന വിമാന സര്‍വീസുകളുടെ റദ്ദാക്കലുകളും അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും പരിഗണിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ഉപഭോക്തൃ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന ആരോപണങ്ങളും ആഗോളതലത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

48 മണിക്കൂര്‍ 'ലുക്ക്ഇന്‍' കാലാവധി

പുതിയ നിര്‍ദേശപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആദ്യ 48 മണിക്കൂറിനുള്ളില്‍ അധിക റദ്ദാക്കല്‍ ഫീസ് നല്‍കാതെ തന്നെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ യാത്രക്കാര്‍ക്ക് സാധിക്കും.

നിബന്ധനകള്‍:

ആഭ്യന്തര (ഡൊമെസ്റ്റിക്ക്) യാത്രകള്‍ക്ക്: വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 7 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.

അന്താരാഷ്ട്ര (ഇന്റര്‍നാഷണല്‍) യാത്രകള്‍ക്ക്: കുറഞ്ഞത് 15 ദിവസം മുന്‍പ് ബുക്കിംഗ് നടത്തിയിരിക്കണം.

പേര് തിരുത്തല്‍ സൗജന്യം

ടിക്കറ്റിലെ പേര് തെറ്റായി രേഖപ്പെടുത്തിയാല്‍ തിരുത്തുന്നതിനായി ഈടാക്കുന്ന വലിയ ഫീസില്‍ ഇളവ് നല്‍കും. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ പിശക് അറിയിക്കേണ്ടതാണ്. ഈ സമയപരിധിക്കുള്ളില്‍ അറിയിച്ചാല്‍ മാത്രമേ സൗജന്യ തിരുത്തല്‍ അനുവദിക്കൂ.

റീഫണ്ടിന് കര്‍ശന സമയപരിധി

റീഫണ്ട് നടപടികളില്‍ കാലതാമസം ഒഴിവാക്കാന്‍ ഡിജിസിഎ കൃത്യമായ സമയപരിധി നിശ്ചയിച്ചു

ക്രെഡിറ്റ് കാര്‍ഡ് വഴി ബുക്കിംഗ്: റദ്ദാക്കലിന് ശേഷം 7 ദിവസത്തിനകം തുക തിരിച്ചടയ്ക്കണം.

ട്രാവല്‍ ഏജന്റ് വഴി ബുക്കിംഗ്: റീഫണ്ട് നല്‍കാനുള്ള അന്തിമ ഉത്തരവാദിത്തം വിമാനക്കമ്പനിക്കാണ്. ഇത് 14 പ്രവൃത്തി ദിവസത്തിനകം പൂര്‍ത്തിയാക്കണം.

യാത്രക്കാരന്റെ വ്യക്തമായ സമ്മതമില്ലാതെ റീഫണ്ട് തുക 'ക്രെഡിറ്റ് ഷെല്‍' ആയി മാറ്റാനാവില്ല.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍

മെഡിക്കല്‍ എമര്‍ജന്‍സി: യാത്രക്കാരനോ അടുത്ത ബന്ധുവോ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി റീഫണ്ട് ആവശ്യപ്പെടാം.

നികുതികള്‍ തിരികെ: ടിക്കറ്റ് 'നോണ്‍റീഫണ്ടബിള്‍' ആയാലും സര്‍ക്കാര്‍ നികുതികളും ഫീസുകളും (യുഡിഎഫ്, പിഎസ്എഫ് എന്നിവ) തിരികെ നല്‍കണം.

വിമാന വൈകലും റദ്ദാക്കലും: ഭക്ഷണം, താമസം എന്നിവയുമായി ബന്ധപ്പെട്ട യാത്രക്കാരുടെ അവകാശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

2025 അവസാനം വിമാന സര്‍വീസുകളില്‍ ഉണ്ടായ തടസങ്ങളും വ്യാപക പരാതികളും പശ്ചാത്തലമാക്കിയുള്ള നടപടിയാണിത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ വിമാന കമ്പനികള്‍ അവരുടെ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. യാത്രക്കാര്‍ക്ക് ഈ ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി നിബന്ധനകളും സമയപരിധികളും മുന്‍കൂട്ടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

Tags: