വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിച്ച് ഡിജിസിഎ

Update: 2026-01-04 09:45 GMT

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ കത്തി തീപിടിത്തം സംഭവിക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിമാനങ്ങളില്‍ പവര്‍ ബാങ്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം കടുപ്പിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഇതനുസരിച്ച് പവര്‍ ബാങ്കുകളും ബാറ്ററികളും ഇനി കൈയില്‍ കരുതുന്ന ലഗേജുകളില്‍ (കാബിന്‍ ബാഗേജ്) മാത്രമേ അനുവദിക്കുകയുള്ളൂ. ചെക്ക്-ഇന്‍ ലഗേജുകളില്‍ ഇവ വയ്ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. അതേസമയം, സീറ്റിനോടനുബന്ധിച്ചുള്ള പവര്‍ സപ്ലൈ സിസ്റ്റങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി. യാത്രയ്ക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അസാധാരണമായി ചൂടാവുകയോ പുക, ദുര്‍ഗന്ധം എന്നിവ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ കാബിന്‍ ക്രൂവിനെ അറിയിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബറില്‍ ദീമാപൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

വിമാന സുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം എമിറേറ്റ്സ് എയര്‍ലൈന്‍സ് പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ 100 വാട്ടില്‍ താഴെയുള്ള പവര്‍ ബാങ്കുകള്‍ക്ക് മാത്രമാണ് വിമാനങ്ങളില്‍ അനുമതി. സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേയ്‌സും ഇതിനകം തന്നെ സമാന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

Tags: