ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിലും വൈകിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ഇന്‍ഡിഗോയുടെ ഏകദേശം 150 സര്‍വീസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റദ്ദാക്കപ്പെട്ടത്.
സാങ്കേതിക തകരാറുകളാണ് സര്‍വീസ് തടസ്സങ്ങള്‍ക്ക് കാരണമെന്നാണ് ഇന്‍ഡിഗോയുടെ ഔദ്യോഗിക വ്യക്തമാക്കല്‍. എന്നാല്‍ ജീവനക്കാരുടെ കുറവ് മൂലമാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, ചെക്ക് ഇന്‍ സോഫ്റ്റ്‌വെയറിലെ തകരാറാണ് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളെയും ഇന്നലെ രാത്രി പ്രതികൂലമായി ബാധിച്ചത്. ഡല്‍ഹിയിലാണ് ഇന്‍ഡിഗോയുടെ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. ഇവിടെ മാത്രം 67 സര്‍വീസുകളാണ് റദ്ദാക്കിയത്. ബാംഗ്ലൂരില്‍ നിന്ന് 32 സര്‍വീസുകളും മുംബൈയില്‍ നിന്ന് 22 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.
രണ്ടു എയര്‍ലൈന്‍സുകളും നേരിട്ട സാങ്കേതിക പ്രശ്‌നങ്ങളുടെ സ്വഭാവം എന്താണെന്നും, അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാന്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.