ന്യൂഡല്‍ഹി: വിചാരണകൂടാതെ ദീര്‍ഘകാലം തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമെന്ന് സുപ്രിംകോടതി. കൊലപാതകശ്രമം, കവര്‍ച്ച അടക്കമുള്ള കേസില്‍ അറസ്റ്റിലായി രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ജാമ്യമനുവദിച്ചാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് 2024 ഏപ്രിലില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനാണ് ജാമ്യം നല്‍കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും ഇതുവരെ വിചാരണ ആരംഭിച്ചില്ലെന്നും ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
രണ്ടുവര്‍ഷം കഴിഞ്ഞിട്ടും 23 സാക്ഷികളില്‍ ഒരാളെപ്പോലും വിസ്തരിക്കാന്‍ സാധിച്ചിട്ടില്ലെന്നും സമീപകാലത്തൊന്നും വിചാരണ പൂര്‍ത്തിയാവാന്‍ സാധ്യതയില്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിചാരണ തീരുംവരെ പ്രതിയെ ജയിലിലിടേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി, ജാമ്യം നിഷേധിച്ച ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. വിചാരണ വൈകുന്നതിനാല്‍ പ്രതിയെ ഇനിയും ജയിലിലിടേണ്ടതിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് പ്രകാരം രാജ്യത്തെ ജയിലിലുള്ളവരില്‍ 76 ശതമാനം പേരും വിചാരണ തടവുകാരാണ്.
വിചാരണകൂടാതെ ദീര്‍ഘകാലം തടവിലിടുന്നതിനെതിരേ സുപ്രിംകോടതി നേരത്തേയും പലതവണ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. വിചാരണകൂടാതെ ദീര്‍ഘകാലം ജയിലില്‍വെക്കാന്‍ കര്‍ശന നിയമങ്ങളായ പിഎംഎല്‍എ(കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം), യുഎപിഎ തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതിനെതിരേ 2024ല്‍ തമിഴ്നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യമനുവദിക്കുമ്പോള്‍ സുപ്രിംകോടതി പറഞ്ഞിരുന്നു. വിചാരണ വേഗത്തില്‍ നടത്താനുള്ള സംവിധാനമൊരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യമനുവദിക്കുകയല്ലാതെ കോടതികള്‍ക്ക് മറ്റുവഴിയില്ലെന്ന് 2025 ജൂലായില്‍ ഒരു കേസ് പരിഗണിക്കവേ സുപ്രിംകോടതി പറഞ്ഞു. ആറും ഏഴും വര്‍ഷം വിചാരണത്തടവില്‍ വെക്കുന്നത് വേഗത്തില്‍ വിചാരണ ലഭിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് മറ്റൊരു കേസിലും സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.

