വന്ദേ മാതരം മുദ്രാവാക്യം വിളിക്കാത്തയാളെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ (വീഡിയോ)
ജയ്പൂര്‍: ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാത്തയാളെ ചോദ്യം ചെയ്ത് രാജസ്ഥാനിലെ ഹവാമഹല്‍ എംഎല്‍എയും ബിജെപി നേതാവുമായ ബാല്‍മുകുന്ദ് ആചാര്യ. ഹിന്ദുസ്താന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് കഴിഞ്ഞ ദിവസം ജയ്പൂരില്‍ നടത്തിയ പരിപാടിയിലാണ് സംഭവം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 100 അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. സ്റ്റേജില്‍ കയറിയ ബാല്‍മുകുന്ദ് ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പരിപാടിക്കെത്തിയവരും ഈ മുദ്രാവാക്യങ്ങള്‍ വിളിച്ചു. എന്നാല്‍, ഒരാള്‍ മാത്രം അതില്‍ പങ്കെടുത്തില്ല. തുടര്‍ന്ന് അയാളെ ചൂണ്ടി ബാല്‍മുകുന്ദ് സംസാരിച്ചു.
''സഹോദരാ നിങ്ങള്‍ മറ്റേതെങ്കിലും സ്ഥലത്ത് നിന്നു വന്നതാണോ? എഴുന്നേറ്റു നില്‍ക്കൂ. എന്തുകൊണ്ടാണ് ഭാരത് മാതാ കീ ജയും വന്ദേ മാതരവും വിളിക്കാത്തത് ? അത് വിളിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ? നിങ്ങള്‍ ഏതു നാട്ടുകാരനാണ് ?''-ബാല്‍ മുകുന്ദ് ചോദിച്ചു.
മഹാരാഷ്ട്രയില്‍ നിന്ന് വന്ന തന്റെ പേര് മുഹമ്മദ് ആസിഫ് എന്നാണെന്നാണ് അയാള്‍ മറുപടി നല്‍കി. വന്ദേ മാതരം വിളിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും ആസിഫ് പറഞ്ഞു. എന്നാല്‍, രാജ്യത്തെ സ്‌നേഹിക്കുന്നില്ലേയെന്ന് ബാല്‍മുകുന്ദ് ചോദിച്ചു. ''വന്ദേ ഭാരതം എന്നാല്‍ എന്താണെന്ന് അറിയാമോ?, ഭാരതമാതാവിനെ ഞാന്‍ വണങ്ങുന്നു എന്നാണ് അര്‍ത്ഥം. ഇന്ത്യയില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലേ?, ദേശീയപതാകയേയും വണങ്ങില്ലേ ? എന്തുതരം ആളുകളാണ് ഇത്?-ബാല്‍ മുകുന്ദ് ചോദിച്ചു.
तिरंगे से मुंह पोंछने वाला भगवाधारी सोच का विधायक, बालमुकुंद आश्चर्य, एक मुस्लिम युवक से भरी सभा मे ज़बरन वन्दे मातरम बुलवाने की कोशिश करता पाया गया। नारा नहीं लगाने पर उसकी बेइज़्ज़ती की गई।
— Davinder Pal Singh 幸王 دیویندر سنگھ ਦਵਿੰਦਰ ਪਾਲ ਸਿੰ (@dpsingh1313) August 18, 2025
हम सिख भी नहीं लगाते ये नारा। उखाड़ लो जो हमारा उखाड़ना है।#balmukundacharya pic.twitter.com/0qc08MZuMj
താന്‍ രാജ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ആസിഫ് ആവര്‍ത്തിച്ചു. എന്നാല്‍, ബാല്‍മുകുന്ദ് ആചാര്യ ആസിഫിന്റെ രാജ്യസ്‌നേഹത്തില്‍ സംശയം പ്രകടിപ്പിച്ചു. ''ചില ആളുകള്‍ ഈ രാജ്യത്ത് ജീവിക്കുന്നു. അതില്‍ നിന്നും നേട്ടമുണ്ടാക്കുന്നു, എന്നിട്ടും രാജ്യത്തിനെതിരേ സംസാരിക്കും. അതാണ് അവരുടെ മാനസികാവസ്ഥ, അത് മനസിലാക്കണം.''-ബാല്‍ മുകുന്ദ് ആചാര്യ പറഞ്ഞു. സ്റ്റേജില്‍ നിന്നും ഇറങ്ങിപോവും വഴി ആസിഫിന് സമീപം എത്തിയ ബാല്‍മുകുന്ദ് ആചാര്യ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ഈ സമയത്ത് പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ ബാല്‍മുകുന്ദ് ആചാര്യയെ ചോദ്യം ചെയ്തു. ഇഷ്ടമില്ലാത്തവരെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നത് എന്തിനാണെന്നാണ് അവര്‍ ചോദിച്ചു. എല്ലാവരും മുദ്രാവാക്യം വിളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അയാള്‍ പറഞ്ഞു.
വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍, ആസിഫിന്റെ അരികിലിരുന്ന ഒരാള്‍ എഴുന്നേറ്റു നിന്ന് സംഘാടകരോട് ദേഷ്യത്തോടെ ചോദിച്ചു, ''ഞങ്ങള്‍ ഈ ഭൂമിയില്‍ ദിവസം അഞ്ചുതവണ കുമ്പിടുന്നു. മരണശേഷം ഈ മണ്ണില്‍ തന്നെ സംസ്‌കരിക്കപ്പെടുന്നു. ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? അനാവശ്യമായി രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നത് എന്തിനാണ്? ഞങ്ങള്‍ക്കും ഈ ഭൂമിയോട് വിശ്വസ്തതയുണ്ട് - രാജ്യത്തോടുള്ള ഞങ്ങളുടെ കൂറിനെ നിങ്ങള്‍ക്ക് എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും?''-അയാള്‍ ചോദിച്ചു. തുടര്‍ന്ന് സംഘാടകര്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചു. പരിപാടി വേഗം അവസാനിപ്പിക്കുകയും ചെയ്തു.

