ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന വീല്‍ചെയര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. തലച്ചോറില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയോധിക ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഒരു മണിക്കൂര്‍ സമയം വീല്‍ചെയറിനായി കാത്തിരുന്നിട്ടും ലഭിക്കാത്തതോടെയാണ് മുത്തശിയായ പസ്രീച്ച(82) നടന്നതെന്ന് ചെറുമകള്‍ പരുള്‍ കന്‍വാര്‍ പറഞ്ഞു. അല്‍പ്പസമയം നടന്നപ്പോള്‍ പസ്രീച്ച വീഴുകയായിരുന്നു.
വീണുപരിക്കേറ്റ മുത്തശ്ശിക്ക് അധികൃതര്‍ മതിയായ ചികില്‍സ നല്‍കിയില്ലെന്നും പരുള്‍ കന്‍വാര്‍ പറഞ്ഞു. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശത്തിലെ ബലം കുറഞ്ഞുവരുകയാണെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കുടുംബവുമായി സംസാരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.