'പണത്തിന് മുകളില്‍ ജനാധിപത്യം ബേപ്പൂരില്‍ വിജയിക്കും'; പി എ മുഹമ്മദ് റിയാസ്
ബേപ്പൂര്‍: പണത്തിന് മുകളില്‍ ജനാധിപത്യം ബേപ്പൂരില്‍ വിജയിക്കുമെന്ന് ബേപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആരേയും താന്‍ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും പി വി അന്‍വര്‍ തനിക്കെതിരെ തുടര്‍ച്ചയായി വ്യക്തി അധിക്ഷേപം നടത്തുകയാണെന്നും റിയാസ് പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇത്തവണ എല്‍ഡിഎഫിന് വോട്ടു ലഭിക്കും. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാടുകളും പ്രസ്താവനകളും ഡോക്യുമെന്റഡാണെന്നും അത് ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
നാട് ആവശ്യപ്പെട്ട വികസനം നടന്നുവെന്നും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇത്തവണ മറികടക്കുമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് മാസം 15ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതായും ബേപ്പൂരില്‍ മൂന്നു റൗണ്ട് പര്യടനം ഇപ്പോള്‍ തന്നെ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് തനിക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നിരിക്കിലും രാഹുലിനെക്കുറിച്ച് വ്യക്തിപരമായ അധിക്ഷേപം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ചിലരുടെയൊക്കെ ധാരണ പണത്തിന് മീതെ തിരഞ്ഞെടുപ്പില്‍ പരുന്തും പറക്കില്ലെന്നാണ്. എന്നാല്‍ പണത്തിന് മീതെ ബേപ്പൂര്‍ പറക്കുമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
