ബിജെപി സഖ്യം ഭരിക്കുന്ന ബിഹാര്‍ നീതി ആയോഗ് സര്‍വേയില്‍ ഏറെ പുറകില്‍; പ്രത്യേക പദവി ലഭിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം, മാനവവിഭവശേഷി, ജീവിത നിലവാരം എന്നിവ ദേശീയ ശരാശരിയെക്കാള്‍ എത്രയോ താഴെയാണ്

Update: 2022-02-15 06:38 GMT

പാറ്റ്‌ന: സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.നീതി ആയോഗ് സര്‍വേയില്‍ തങ്ങളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെടുന്നത്.

പ്രത്യേക പദവി ലഭിക്കുന്നതോടെ കേന്ദ്രത്തിന്റെ പല ആനുകൂല്യങ്ങളും ബിഹാറിന് ലഭിക്കുമെന്നും ബിഹാറിന്റെ സമഗ്ര വികസനത്തിന് അവ അനിവാര്യമാണെന്നും നിതീഷ് പറയുന്നു.കേന്ദ്രം തയ്യാറാക്കിയ നീതി ആയോഗ് സര്‍വേയില്‍ ബിജെപി-ജെഡിയു സഖ്യം ഭരിക്കുന്ന ബിഹാര്‍ ഏറെ പുറകിലാണ്.'ബിഹാര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാത്രം കൊണ്ട് സംസ്ഥാനത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ബിഹാറിന് പ്രത്യേക പദവി ഞങ്ങള്‍ ആവശ്യപ്പെടുകയാണ്'നിതീഷ് പറയുന്നു.

സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം, മാനവവിഭവശേഷി, ജീവിത നിലവാരം എന്നിവ ദേശീയ ശരാശരിയെക്കാള്‍ എത്രയോ താഴെയാണ് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബിഹാറില്‍ ജനസാന്ദ്രതയും അധികമാണ്. ഇതുകൊണ്ടാണ് പ്രത്യേക പദവിക്കായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറില്‍ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ നിതീഷ് സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം ഉന്നയിച്ചിരുന്നു.ബിഹാറിന് പ്രത്യേക പദവി ലഭിച്ചാല്‍ സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനമാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News