''കപില്‍ മിശ്രയുടെ പാകിസ്താന്‍ പരാമര്‍ശം വിദ്വേഷം പ്രചരിപ്പിച്ച് വോട്ടുനേടല്‍ തന്ത്രത്തിന്റെ ഭാഗം''-ഡല്‍ഹി കോടതി; സമന്‍സ് റദ്ദാക്കണമെന്ന ആവശ്യം തള്ളി
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടലാണെന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്ര നല്‍കിയ ഹരജി ഡല്‍ഹി കോടതി തള്ളി. നിലവില്‍ ഡല്‍ഹി നിയമമന്ത്രിയാണ് കപില്‍ മിശ്ര. വിദ്വേഷം പ്രചരിപ്പിക്കാനും വര്‍ഗീയ വിഭജനമുണ്ടാക്കി വോട്ടുകള്‍ നേടാനും വിദഗ്ദമായാണ് കപില്‍ മിശ്ര 'പാകിസ്താന്‍' പരാമര്‍ശം നടത്തിയതെന്ന് റോസ് അവന്യൂ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി ജിതേന്ദ്ര സിംഗിന്റെ ഉത്തരവ് പറയുന്നു.
'' ഒരു പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങളെ അപമാനിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന പരാമര്‍ശങ്ങളാണ് ഹരജിക്കാരന്‍ ഉപയോഗിച്ചിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്ന് തോന്നുന്നു. ഇത് ലജ്ജാകരമാണ്.''- കോടതി പറഞ്ഞു.
2020ലെ ഡല്‍ഹി തിരഞ്ഞെടുപ്പ് കാലത്ത് 'ഡല്‍ഹിയില്‍ മിനി പാകിസ്താനുകളുണ്ട്, പാകിസ്താന്‍ ഷഹീന്‍ബാഗിലെത്തി' തുടങ്ങിയ പ്രസ്താവനകള്‍ കപില്‍ മിശ്ര നടത്തിയിരുന്നു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്.
'' ഒരു പ്രത്യേക രാജ്യത്തെ കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നത് എന്തിനാണെന്ന് സാധാരണക്കാര്‍ക്ക് പോലും അറിയാം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനാണ് ഇത് ചെയ്യുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.''-കപില്‍ മിശ്രയുടെ ഹരജി തള്ളി കോടതി വിശദീകരിച്ചു.
പൗരത്വ നിയമഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ കപില്‍ മിശ്രക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട മറ്റൊരു ഹരജിയെ ഡല്‍ഹി പോലിസ് കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു. യമുന വിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇല്യാസ് നല്‍കിയ ഹരജിയെയാണ് പോലിസ് എതിര്‍ത്തത്. ആക്രമണങ്ങളില്‍ കപില്‍ മിശ്രയ്ക്ക് പങ്കില്ലെന്നാണ് പോലിസ് വാദിച്ചത്.
