ഡല്‍ഹി സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കു നേരെ പീഡനശ്രമം; സെക്യൂരിറ്റി ഗാര്‍ഡടക്കം നാലുപേര്‍ക്കെതിരേ കേസ്

Update: 2025-10-15 10:11 GMT

ഡല്‍ഹി: സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കു നേരെ പീഡനശ്രമമെന്ന് പരാതി. സംഭവത്തില്‍ ക്യംപസിലെ സെക്യൂരിറ്റി ഗാര്‍ഡ് അടക്കം നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 70, 62 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തില്‍, അടിയന്തര നടപടി ആവശ്യപ്പെട്ട് ക്യാംപസിനുളളില്‍ വിദ്യാര്‍ഥികളുടെ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്യന്‍ യാഷ് എന്ന അക്കൗണ്ടില്‍ നിന്ന് തനിക്കുനേരെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ വന്നിരുന്നതായി പെണ്‍കുട്ടി പറയുന്നു. താന്‍ ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത് നിന്ന് ക്യാംപസിലെ സി ബ്ലോക്കിലേക്ക് പോവുകയായിരുന്നെന്നും മുന്നില്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടപ്പേള്‍, ആര്യന്‍ യാഷ് എന്ന വ്യക്തി അവരില്‍ ഒരാളാകാമെന്ന് കരുതി കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടെ പോകുകയായിരുന്നെന്നും വിദ്യാര്‍ഥിനി പറയുന്നു. ഈ സമയത്ത് കുറച്ചാളുകള്‍ തനിക്കെതിരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags: