ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്‌മാന്‍ തുടുങ്ങിയവര്‍ നല്‍കിയ ജാമ്യ ഹരജിയിലാണ് സുപ്രിംകോടതി നോട്ടീസ് നല്‍കിയത്. ഡല്‍ഹി പോലിസിനും കേന്ദ്രസര്‍ക്കാരിനുമാണ് സുപ്രിംകോടതി നോട്ടീസയച്ചത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. ഒക്ടോബര്‍ ഏഴിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ എം സിങ്‌വി എന്നിവര്‍ വാദിച്ചു. സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് 2020 മുതല്‍ ഇവര്‍ ജയിലില്‍ കഴിയുന്നത്.