ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്ത് ഡല്‍ഹി പോലിസ്
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമും ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ 2020 മുതല്‍ ജയിലില്‍ കഴിയുകയാണ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി പോലിസ്. 'ബുദ്ധിജീവികള്‍ ഭീകരവാദികളായി മാറുമ്പോള്‍ കൂടുതല്‍ അപകടകാരികള്‍' എന്നായിരുന്നു ഡല്‍ഹി പോലിസ് കോടതിയില്‍ പറഞ്ഞത്. പ്രതികളില്‍ ഒരാളായി ആരോപിക്കപ്പെടുന്ന ഷര്‍ജീല്‍ ഇമാം അസം സംസ്ഥാനത്തെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയതായും ഡല്‍ഹിയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഇല്ലാതെയാക്കാന്‍ ശ്രമിച്ചുവെന്നും പോലിസ് കോടതിയില്‍ വാദിച്ചു. ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ നീക്കം നടത്തിയെന്നും ഡല്‍ഹി പോലിസ് സുപ്രിം കോടതിയില്‍ പറഞ്ഞു.
ജാമ്യപേക്ഷയില്‍ ഏഴാം ദിനത്തിലെ വാദത്തിലാണ് പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജില്‍ ഇമാം എന്നിവര്‍ക്കെതിരേ പോലിസിനായി ഹാജരായ എഎസ്ജി എസ് വി രാജു ഉന്നയിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കലാപം റിപോര്‍ട്ടു ചെയ്യാന്‍ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ഭരണത്തെ അസ്ഥിരപെടുത്തുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും ഡല്‍ഹി പോലിസ്.
റോഡ് ഗതാഗതം അടക്കം തടസപ്പെടുത്തി നഗരം സ്തംഭിക്കണമെന്ന നിര്‍ദ്ദേശം പ്രതികള്‍ നല്‍കി. നിലവിലുള്ള ഭരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ബുദ്ധിജീവികള്‍ ഭീകരവാദികളായി മാറുമ്പോള്‍ അവര്‍ കൂടുതല്‍ അപകടകാരികള്‍ ആകുന്നു. ആയുധമെടുത്ത് നേരിട്ടെത്തുന്ന ഭീകരരേക്കാള്‍ രാജ്യവിരുദ്ധര്‍ ഇത്തരം ബുദ്ധിജീവികളാണ്. ഇവരാണ് യഥാര്‍ത്ഥ ബുദ്ധികേന്ദ്രം. സര്‍ക്കാരുകള്‍ നല്‍കുന്ന സബ് സിഡിയടക്കം ഉപയോഗിച്ച് പഠിച്ചാണ് ഇവര്‍ ഡോക്ടര്‍മാരും ആക്ടിവിസ്റ്റുകളുമാകുന്നത്. ഇത്തരം ഒരു ആക്രമണമാണ് ചെങ്കോട്ടയില്‍ കണ്ടതെന്നും എസ്വി രാജു വാദിച്ചു.
ഷര്‍ജീല്‍ ഇമാമിന്റെ പ്രകോപനപരമായ പ്രസംഗമെന്ന് പോലിസ് ആരോപിക്കുന്ന ദൃശ്യങ്ങളും കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. മുസ്‌ലിം സ്റ്റുഡന്റ് ഓഫ് ജെഎന്‍യു എന്ന പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഉമര്‍ ഖാലിദും ഷര്‍ജീലും വര്‍ഗീയമായി വിദ്യാര്‍ഥികളെ തിരിക്കാന്‍ ശ്രമിച്ചെന്നും പോലിസ് ആരോപിച്ചു. കേസില്‍ നാളെയും വാദം തുടരും. കഴിഞ്ഞ ദിവസം ഉമര്‍ ഖാലിദിന്റെ ജാമ്യത്തെ ഡല്‍ഹി പോലിസ് എതിര്‍ത്തിരുന്നു. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് നിലവില്‍ ഡല്‍ഹി പോലിസിന്റെ വാദം കേള്‍ക്കുകയാണ് സുപ്രിം കോടതി. ഇതിനുശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാദത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡല്‍ഹി പോലിസ്.

