ഡല്‍ഹി പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പിയടി; ഏഴു പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സഹായിച്ച അന്തര്‍സംസ്ഥാന സംഘത്തെ ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ പോലിസ് പിടികൂടി. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി പരീക്ഷ പാസാകുന്നതിനായി സംഘം പരീക്ഷാ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുകയായിരുന്നു.
സമിത്, ഗൗതം, ബണ്ടി, നിതീഷ് കുമാര്‍, അങ്കിത് കുമാര്‍ പാണ്ഡെ, ശിവം യാദവ് എന്ന ഭൂപേഷ്, ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലെ ജലാല്‍പൂര്‍ സ്വദേശി കരണ്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷയ്ക്കിടെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ നിയന്ത്രിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഗൂഗിള്‍, ചാറ്റ്ജിപിടി പോലുള്ള ഉറവിടങ്ങള്‍ ഉപയോഗിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ഈ സംഘത്തിന്റെ ശൃംഖല വ്യാപിച്ചുകിടക്കുന്നുണ്ടെന്നും പോലിസ് കണ്ടെത്തി. ഇവര്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കാനായി വലിയൊരു തുക ഈടാക്കുന്നുണ്ടെന്നും പോലിസ് പറയുന്നു. ഇത്തരം പരീക്ഷാ തട്ടിപ്പിനെതിരേ കര്‍ശന നടപടിയെടുക്കുന്നതിനായി വിഷയം ആഴത്തില്‍ അന്വേഷിക്കുകയും സാങ്കേതിക തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.