നരേന്ദ്ര മോദിയുടെ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതി

Update: 2025-08-25 09:41 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തരുതെന്ന് കോടതി. ഡല്‍ഹി ഹൈക്കോടതിയുടെതാണ് വിധി. മോദിയുടേത് ഉള്‍പ്പെടെ 1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവിടേണ്ടെന്നാണ് കോടതി ഉത്തരവ്.

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.

1978ല്‍ മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സര്‍വകലാശാലയോട് ആക്ടിവിസ്റ്റ് നീരജ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങള്‍ കൈമാറാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017ലെ ഈ നടപടിക്കെതിരെ ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും അപരിചിതരെ കാണിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഡല്‍ഹി സര്‍വകലാശാലയുടെ വിശദീകരണം. ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഈ വാദം തന്നെയാണ് ഇപ്രാവശ്യവും കേസില്‍ സര്‍വകലാശാല കോടതിയെ അറിയിച്ചത്. വാദം ശരിവച്ച കോടതി വിവരാവകാശകമ്മീഷന്റെ ഉത്തരവ് റദ്ദു ചെയ്തു.

Tags: