ബലാല്‍സംഗ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; രണ്ടു ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരേ അന്വേഷണം ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

Update: 2025-11-08 07:35 GMT

ന്യൂഡല്‍ഹി: വനിതാ അഭിഭാഷക നല്‍കിയ ബലാല്‍സംഗ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ രണ്ടു ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. കേസില്‍ പ്രതിയായ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യവും കോടതി റദ്ദാക്കി. ജസ്റ്റിസ് അമിത് മഹാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ച രണ്ടു ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ നീതിയെ പരിഹസിച്ചു എന്ന് കോടതി വിമര്‍ശിച്ചു. നീതിന്യായ വ്യവസ്ഥയില്‍ നേരിട്ടുള്ള ഇടപെടലാണ് സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

27 കാരിയായ വനിതാ അഭിഭാഷക നല്‍കിയ കേസിന്റെ പശ്ചാത്തലത്തിലാണ് വിധി. 51 കാരനായ അഭിഭാഷകനാണ് ബലാല്‍സംഗ കേസിലെ പ്രതി. ഒരു സുഹൃത്ത് വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ഒരു പാര്‍ട്ടിക്കായി അയാളുടെ വീട്ടില്‍ പോയതായും അവിടെ വെച്ച് അയാള്‍ തന്നെ ബലാല്‍സംഗം ചെയ്തതായുമാണ് കേസ്. തുടര്‍ന്ന് ഗര്‍ഭിണിയായ പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിയെ മാനസികമായി ബ്ലാക്ക് മെയില്‍ ചെയ്ത് പ്രതി ബന്ധം തുടരുകയായിരുന്നു.

പ്രതിക്ക് ചില ജുഡീഷ്യല്‍ ഓഫീസര്‍മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പും ശേഷവും പരാതിക്കാരിയെ സ്വാധീനിക്കാന്‍ അവര്‍ ശ്രമിച്ചതായും കേസ് രേഖകളില്‍ വ്യക്തമാക്കുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ജുഡീഷ്യല്‍ ഓഫീസര്‍ തന്നെ പരാതിക്കാരിയെ ബന്ധപ്പെടുകയും വൈദ്യപരിശോധനയ്ക്ക് പോകരുതെന്ന് ഉപദേശിക്കുകയും ചെയ്തതായി പരാതിയുണ്ട്. തുടര്‍ന്ന്, കേസ് ഒത്തുതീര്‍ക്കാനായി 30 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി പരാതിക്കാരി അറിയിച്ചു. ഇതുവഴി കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടന്നുവെന്നാണ് ആരോപണം.

പ്രതി മൂന്നു മാസത്തോളമായി ജാമ്യത്തിലായിരുന്നു. സ്വാധീനശ്രമം തെളിഞ്ഞതോടെ ഹൈക്കോടതി ജാമ്യം റദ്ദാക്കി. വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ പ്രതിക്ക് ഒരു ആഴ്ച സമയം അനുവദിച്ചു. 'പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് ഭരണപരമായ അന്വേഷണം അനിവാര്യമാണ്. ഇതുസംബന്ധിച്ച് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശിക്കുന്നു,' ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Tags: