ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കടുത്ത ചൂട് തുടരുന്നതിനിടെ ജലക്ഷാമവും രൂക്ഷമാകുന്നു. ശുദ്ധജലത്തിന്റെ ഉപഭോഗവും പാഴാക്കലും നിരീക്ഷിക്കാനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ ജല ബോര്‍ഡ് സിഇഒയ്ക്ക് മന്ത്രി അതിഷി നിര്‍ദേശം നല്‍കി. കുടിവെള്ളം പാഴാക്കുന്നവരില്‍നിന്നും വീടുകളിലെ ആവശ്യത്തിനു നല്‍കുന്ന ജലം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവരില്‍നിന്നും 2,000 രൂപ പിഴയീടാക്കാനും നിര്‍ദേശമുണ്ട്.
പൈപ്പ് ഉപയോഗിച്ച് കാര്‍ കഴുകല്‍, വാട്ടര്‍ ടാങ്കുകള്‍ നിറഞ്ഞു കവിയല്‍, കുടിവെള്ളം നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ജലം പാഴാക്കലായി കണക്കാക്കും. ചില മേഖലകളില്‍ ജലവിതരണം തടസപ്പെട്ടിട്ടുണ്ട്. നിലവില്‍ രണ്ടു നേരം കുടിവെള്ളമെത്തിക്കുന്നയിടങ്ങളില്‍ ജലക്ഷാമം പരിഹരിക്കപ്പെടുന്നതുവരെ ഒരു നേരം മാത്രമേ ജല വിതരണം ഉണ്ടാവുകള്ളൂവെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് ഈ മാസത്തെ ജല വിഹിതം നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അതിഷി പറഞ്ഞിരുന്നു. ഹരിയാന സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ആവശ്യത്തിന് ജലം നല്‍കാന്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
