സമന്‍സ് അവഗണിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെജ്രിവാളിനെതിരേ നടപടിയെടുക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി
ന്യൂഡല്‍ഹി: എക്‌സൈസ് പോളിസി കേസില്‍ സമന്‍സില്‍ ഹാജരാകാത്തതിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച രണ്ട് കേസുകളില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കി. റൗസ് അവന്യൂ കോടതികളിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (എസിജെഎം) പരസ് ദലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രകാരം ഏജന്‍സി പുറപ്പെടുവിച്ച സമന്‍സ് പാലിക്കാത്തതിന് കെജ്രിവാളിനെതിരെ ഇഡി 2024 ഫെബ്രുവരിയിലാണ് കോടതിയെ സമീപിച്ചത്.
അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തീയതികളിലായി അഞ്ച് സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാതിരുന്നെന്നാണ് വിഷയം.
2021-22 ലെ ഡല്‍ഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് 17 ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തര്‍ക്കങ്ങള്‍ അന്വേഷിക്കുന്നത്. 2022 ജൂലൈ 20 ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നല്‍കിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 2022 ഓഗസ്റ്റ് 22 ന് പ്രതികള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു.പിന്നീട് കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും ഒടുവില്‍ സുപ്രിംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
