ഡല്‍ഹി കാര്‍ സ്‌ഫോടനം: ഐ 20 കാറാണ് പൊട്ടിത്തെറിച്ചതെന്ന് റിപോര്‍ട്ട്

അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തുന്നതായി ഡല്‍ഹി പോലിസ് കമീഷണര്‍

Update: 2025-11-10 16:41 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടക്കു സമീപം ഹരിയാന നംമ്പര്‍ പ്ലേറ്റിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചതെന്ന് റിപോര്‍ട്ട്. അതേസമയം, ചെങ്കോട്ടക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ പ്രതികരണവുമായി ഡല്‍ഹി പോലിസ് കമീഷണര്‍ സതീഷ് ഗോള്‍ച്ച. സ്‌ഫോടനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് കമീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. വൈകീട്ട് 6.52നാണ് സ്‌ഫോടനം നടന്നത്. സാവധാനത്തില്‍ വന്ന വാഹനം ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമാണ് ചെയ്തത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

ഐബി, ദേശീയ അന്വേഷണ ഏജന്‍സി, എന്‍എസ്ഡി ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് സംഘം അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സ്‌ഫോടന വിവരം കൈമാറിയതായും കമീഷണര്‍ അറിയിച്ചു. ഇന്നു വൈകീട്ടാണ് ഡല്‍ഹിയിലെ ചെങ്കോട്ടയിലെ ലാല്‍കിലാ മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനു സമീപം കാര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും 24 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവര്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയിലാണ്.