ഡല്‍ഹി കാര്‍ സ്‌ഫോടനം; എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂന്നു ഡോക്ടര്‍മാരടക്കം നാലു പേരെ വിട്ടയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തു നടന്ന കാര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂന്നു ഡോക്ടര്‍മാരടക്കം നാലു പേരെ വിട്ടയച്ചു. കാറിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന ഡോ. ഉമര്‍ നബിയുമായി ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണ ഏജന്‍സി ഇവരെ വിട്ടയച്ചത്. ഫിറോസ്പൂര്‍ ഝിര്‍ക്ക സ്വദേശി ഡോ. മുസ്തഖീം, അഹ്‌മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാന്‍ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് വിട്ടയച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് ഹരിയാന നൂഹില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍മാര്‍ക്ക് ഉമറുമായും അല്‍-ഫലാഹ് സര്‍വകലാശാലയുമായും ബന്ധമുണ്ടെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം, നാലു പേരെയും പ്രതി ചേര്‍ക്കാന്‍ ഉതകുന്ന കാര്യമായ തെളിവുകളോ ഡിജിറ്റല്‍ രേഖകളോ അന്വേഷണ സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇവരുടെ മോചനം കുടുംബങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവരെ നിരീക്ഷിക്കുന്നത് എന്‍ഐഎ തുടരും. കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാര്‍ നിരപരാധികളാണെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തില്‍ നിന്നുള്ള ഏഴു പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ നാലു പേരെയാണ് ഇപ്പോള്‍ വിട്ടയച്ചത്. ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. അതേസമയം, സ്‌ഫോടനം നടത്തിയ കാറില്‍ 30 മുതല്‍ 40 കിലോ വരെ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് ഫൊറന്‍സിക് പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍.
നവംബര്‍ 10ന് വൈകീട്ട് 6.55ഓടെയായിരുന്നു ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം ഹ്യുണ്ടായ് ഐ20 കാറില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശി ഉമര്‍ നബിയാണ് കാറിലുണ്ടായിരുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന്, അല്‍ ഫലാഹ് സര്‍വകലാശാലക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കം രണ്ടു എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സര്‍വകലാശാലയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തു നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

