ഡല്‍ഹി കാര്‍ സ്ഫോടനം: കൊല്ലപ്പെട്ട അഞ്ചു പേരെ തിരിച്ചറിഞ്ഞതായി റിപോര്‍ട്ട്
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി റിപോര്‍ട്ട്. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി(22), 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 24ലേറെ പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. കൊല്ലപ്പെട്ട മറ്റുള്ളവര്‍ ഡല്‍ഹി, യുപി സ്വദേശികളാണെന്നാണ് വിവരം.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അപകടം നടന്ന സ്ഥലം തെളിവു ശേഖരണത്തിന്റെ ഭാഗമായി വെള്ള കര്‍ട്ടന്‍ കൊണ്ട് മൂടിയിട്ടുണ്ട്. ആറു കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്ഫോടനത്തില്‍ കത്തിനശിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ പോലിസ് ചോദ്യം ചെയ്തു. ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാല്‍ കില മെട്രോ സ്റ്റേഷന്റെ ഗേറ്റിലേക്കെത്തുന്ന റോഡിലാണ് സ്ഫോടനം നടന്നത്. മെട്രോ സ്റ്റേഷന് മുന്നില്‍ ട്രാഫിക് സിഗ്നലിലേക്ക് മെല്ലെയെത്തിയ ഹ്യൂണ്ടായത് ഐ 20 കാര്‍ വൈകുന്നേരം 6.55ഓടെ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.
