ഡല്‍ഹി സ്ഫോടനം: അക്രമികള്‍ക്ക് 42 ബോംബ് നിര്‍മാണ വീഡിയോകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

Update: 2025-11-21 04:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. വൈറ്റ് കോളര്‍ സംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിര്‍മാണ വീഡിയോകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഗനായിയുടെ ഫോണ്‍, ലാപ്ടോപ്പ് എന്നിവയില്‍ നിന്നാണ് വിഡിയോ ലഭിച്ചത്.

ഡല്‍ഹി സ്ഫോടനത്തിന് പത്ത് ദിവസം മുമ്പാണ് മുസമ്മില്‍ അഹമ്മദ് ഗനായി അറസ്റ്റിലായത്. 350 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 2,500 കിലോയിലധികം സ്ഫോടകവസ്തുക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. അതേ സമയം, ചെങ്കോട്ട സ്‌ഫോടന കേസില്‍ ഉമര്‍ നബിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ കണ്ടെത്താന്‍ എന്‍ഐഎ നീക്കം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമര്‍ നബി ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. കൂടാതെ അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags: