ഡല്‍ഹി സ്‌ഫോടനം: അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ബോംബുസ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തൊന്നുകാരനായ ജമ്മുവിലെ അനന്ത്‌നാഗ് സ്വദേശി ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ പഠനത്തിനെത്തിയത്. ശേഷം, ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയിലിന്റെ (ജിഎസ്വിഎം) കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു.
ബുധനാഴ്ച കാണ്‍പൂരിലെ അശോക് നഗര്‍ ഏരിയയിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് ആരിഫ് പിടിയിലായത്.കഴിഞ്ഞ കുറച്ചുമാസങ്ങളായി അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദും ആരിഫും ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡോ. ഷഹീന്‍ ജിഎസ്വിഎം മെഡിക്കല്‍ കോളേജില്‍ ഫാര്‍മ്മക്കോളജി വിഭാഗം മേധാവിയായി ജോലിചെയ്തിരുന്നു . 2012 സെപ്തംബര്‍ ഒന്നുമുതല്‍ 2013 ഡിസംബര്‍ 13 വരെയാണ് അവര്‍ ജോലി ചെയ്തത്. പിന്നീട് കനൗജ് മെഡിക്കല്‍ കോളേജിലേക്ക് മാറുകയായിരുന്നു.