ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഗഗന്‍ സിനിമ ഫ്‌ളൈ ഓവറിന് സമീപം വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സല്‍മാന്‍(22) എന്ന യുവാവ് ശനിയാഴ്ചയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സല്‍മാനും സുഹൃത്തുക്കളും വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ചിലര്‍ എത്തി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നു എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സല്‍മാനെ ജിടിബി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. സല്‍മാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചെന്നും അവര്‍ പറയുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നും സഹോദരന്‍ അനാന്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു.
ആക്രമണം സാധാരണ സംഭവമല്ലെന്നും മുസ്‌ലിംകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും സാമുദായിക പ്രവര്‍ത്തകനായ അഡ്വ. സമീര്‍ ഖാന്‍ പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മുസ്‌ലിംകള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാവുന്നതായി പ്രദേശത്തെ അധ്യാപികയായ അസ്മ ബീഗം പറഞ്ഞു.