മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌ക്കരണത്തിലെ അപാകത; ആരോഗ്യവകുപ്പിന്റെ മൗനം കുറ്റകരം: എസ്ഡിപിഐ

Update: 2026-02-23 09:02 GMT

കൊച്ചി: ആരോഗ്യ സംരക്ഷണത്തിന് മാതൃകയാകേണ്ട കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മെഡിക്കല്‍ കോളജ് മുന്‍ വികസന സമിതി അംഗവും എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ അലോഷ്യസ് കൊള്ളന്നൂര്‍.

ജനങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ട സ്ഥാപനം തന്നെ രോഗം പടര്‍ത്തുന്ന കേന്ദ്രമായി മാറുന്നത് അംഗീകരിക്കാനാവില്ല. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അവ ഉപയോഗിക്കാതെ കുഴിച്ചുമൂടുന്നത് നിയമലംഘനവും ആരോഗ്യവകുപ്പിന്റെയും കോളജ് ഭരണസമിതിയുടെയും ഗുരുതരമായ വീഴ്ചയുമാണ്. നഗരസഭയുടെ നോട്ടിസ് പോലും കൈപ്പറ്റാത്ത അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുകയും പകര്‍ച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പരിഹാരം കാണുകയും ചെയ്തില്ലെങ്കില്‍,ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന ഇത്തരം പരിസ്ഥിതിവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം അലോഷ്യസ് കൊള്ളന്നൂര്‍ അറിയിച്ചു.

Tags: