മാനിറച്ചി പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-03-22 13:32 GMT

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം തിരുവിഴാംകുന്നില്‍ വീട്ടില്‍നിന്ന് മാനിറച്ചി പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരട്ടവാരി സ്വദേശികളായ പാറപ്പുറത്ത് റാഫി (32), പാലൊളി കുഞ്ഞയമു (38) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ റാഫിയുടെ വീട്ടില്‍നിന്ന് മാനിറച്ചി കണ്ടെത്തിയിരുന്നു. വീടിനുപരിസരത്തെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്ന് മാനിന്റെ തല, കൈകാലുകള്‍, തോല്‍ മറ്റു അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെടുത്തു. ഒളിവില്‍പോയ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതോടെ വെള്ളിയാഴ്ച ഇവര്‍ മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ക്കുമുമ്പാകെ കീഴടങ്ങുകയായിരുന്നു.

ഇവരുടെ വീടിനുസമീപത്തുനിന്ന് അരക്കിലോമീറ്റര്‍ മാറിയുള്ള വനാതിര്‍ത്തിക്കടുത്തെ റബര്‍തോട്ടത്തില്‍വച്ചാണ് മാനിനെ വെടിവച്ചത്. തോക്കും തിരകളും ഇറച്ചിയാക്കാനുപയോഗിച്ച കത്തിയും പാത്രങ്ങളും കണ്ടെടുത്തു.