കോഴിക്കോട്: ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ വിശദമായി കേള്‍ക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പോലിസ് റിപോര്‍ട്ട്. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു.
ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരേ പോലിസ് കേസെടുത്തത്. ഷിംജിതയ്ക്കെതിരേ ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷിംജിതയ്ക്കെതിരേ മറ്റൊരു യുവതിയും പോലിസില്‍ പരാതി നല്‍കിയിരുന്നു. ദീപക്കിനൊപ്പം ബസില്‍ സഞ്ചരിച്ചിരുന്ന യുവതിയാണ് പരാതി നല്‍കിയത്.
