ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി 27ന്

Update: 2026-01-24 12:34 GMT

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടന്നെന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ഗോവിന്ദപുരത്തെ ദീപകിന്റെ മരണത്തിലാണ് പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയുക. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണി മെന്ററി ബെനിഫിറ്റും ലഭിക്കുന്നതിനുവേണ്ടി കുറ്റം ചെയ്തുവെന്ന് പോലിസ് റിപോര്‍ട്ട്.

സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. പ്രതി ദുരുദ്ദേശമായി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തതല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇത്തരം കുറ്റകൃത്യങ്ങളില്‍ വീണ്ടും ഏര്‍പ്പെടും. മറ്റ് വ്‌ലോഗര്‍മാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുകയും അതുവഴി കൂടുതല്‍ ആത്മഹത്യയുണ്ടാകാന്‍ സാധ്യയെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.

പ്രതി ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് പോലിസിന്റെ തീരുമാനം. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പോലിസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പോലിസ് പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റഡിയില്‍ കിട്ടിയാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്.