ദീപക്കിന്റെ ആത്മഹത്യ; ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്‍ത്തകന്‍
തൊടുപുഴ: ബസില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്‍ത്തകന്‍. ഇത്തരം വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണി ആഹ്വാനം നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്നു ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അജയ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്.
'മാനസികമായി താങ്ങാന്‍ കെല്‍പ്പില്ലാത്ത, മനസിന് കട്ടിയില്ലാത്ത ആളുകളോടാണ് എനിക്ക് പറയാനുള്ളത്. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. അനാവശ്യമായി നാണം കെടുത്താനൊരു ശ്രമം നടന്നാല്‍, മരിക്കണമെന്ന് നമ്മള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍, എന്റെ അഭിപ്രായത്തില്‍ ഇത്തരം അവരാതം പറഞ്ഞുണ്ടാക്കുന്നവരെ നേരെ നിന്ന് ബലാത്സംഗം ചെയ്ത് പോയി മരിക്കുക. അപ്പോള്‍ കുറ്റം ചെയ്തു എന്ന പശ്ചാതാപത്തോടെ മാന്യമായി മരിക്കാം,' എന്നാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ യുവതി വീഡിയോ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.