ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡ് തുക മറ്റാര്‍ക്കെങ്കിലും കൊടുത്തോളൂ എന്ന് ദീപക് കുമാര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കടയുടെ പേര് മാറ്റാനാവശ്യപ്പെട്ട് വയോധികനായ മുസ്ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്റങ് ദള്‍ പ്രവര്‍ത്തകരെ നേരിട്ട ജിം ഉടമ ദീപക് കുമാറിന് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചുകൊണ്ട് ജാര്‍ഖണ്ഡ് സര്‍ക്കാറാണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാല്‍, തനിക്ക് പണം വേണ്ടെന്നും അത് അര്‍ഹരായ മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നുമാണ് 42കാരനായ ദീപക് ആവശ്യപ്പെട്ടത്.
ജാര്‍ഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇര്‍ഫാന്‍ അന്‍സാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത് 'രണ്ട് ലക്ഷം രൂപ വലിയൊരു തുകയാണ്. എന്നാല്‍, മന്ത്രി ആ തുക ഏതെങ്കിലും ഭിന്നശേഷിക്കാര്‍ക്കോ അല്ലെങ്കില്‍ സഹായം ആവശ്യമുള്ള മറ്റേതെങ്കിലും നിര്‍ധനരായ ആളുകള്‍ക്കോ നല്‍കുകയാണെങ്കില്‍ അത് അഭിനന്ദനാര്‍ഹമായിരിക്കും'-അദ്ദേഹം വ്യക്തമാക്കി. ജാര്‍ഖണ്ഡ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ച വിവരം സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജ്റങ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ ദീപക് കുമാറിനെതിരേ ഉത്തരാഖണ്ഡ് പോലിസ് കേസെടുത്തിരുന്നു. അക്രമികളുടെ പരാതിയില്‍ ദീപക്കിനും കൂടെയുണ്ടായിരുന്ന വിജയ് റാവത്തിനുമെതിരേയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ഗൗരവ് കശ്യപ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ കമല്‍ പാല്‍ എന്നിവരുടെ പരാതിയിലാണ് കുമാറിനും റാവത്തിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്. പ്രവര്‍ത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി.
ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു സംഭവം. 70കാരനായ വകീല്‍ അഹ്‌മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന പേര് മാറ്റണമെന്നായിരുന്നു ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്ലിംകള്‍ ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം. ഇക്കാര്യം പറഞ്ഞ് കടയിലെത്തിയ അക്രമികള്‍ അഹമ്മദിനെ ഭീഷണിപ്പെടുത്തി.
ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്‌റങ് ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു. ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ചോദിച്ചു. 'പേരാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്‌നം' എന്നുകൂടി ദീപക് ചോദിച്ചു. പിന്നാലെ ഏതാനും പേര്‍ ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്‌റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു.
