ജക്കാര്‍ത്ത: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ മരണം 442 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ട്. വടക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ സുമാത്ര, ആശെ എന്നിവിടങ്ങളിലായി 402 പേരെ കാണാതായതായി ദേശിയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. സുമാത്ര പ്രവിശ്യയില്‍ 15 നഗരങ്ങള്‍ക്കും 7,000ലധികം വീടുകള്‍ക്കും വെള്ളപ്പൊക്ക ബാധ നേരിട്ടതായാണ് റിപോര്‍ട്ട്. 2.9 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
സെന്‍യാര്‍ ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് സുമാത്രയിലും തായ്‌ലന്‍ഡിലെയും മലേഷ്യയിലെയും അതിതീവ്രമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായത്. റോഡുകള്‍ തകര്‍ന്നതോടെ ദ്വീപിന്റെ ചില ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങളും താളം തെറ്റി. സിബോള്‍ഗയും സെന്‍ട്രല്‍ തപനുലി പ്രദേശത്താണ് ഇത് ഗുരുതരമായി ബാധിച്ചത്. റോഡ്ഗതാഗതം നിലച്ചതോടെ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സാധനങ്ങള്‍ ലഭ്യമാകാതെ ദുരിതം രൂക്ഷമായി. സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ജനങ്ങള്‍ കടകളില്‍ കയറിയ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലിസ് അധികസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് പോലിസ് വക്താവ് ഫെറി വാലിന്റുകന്‍ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പതിനൊന്ന് ഹെലികോപ്റ്ററുകളെ ജക്കാര്‍ത്തയില്‍ നിന്ന് ബാധിത പ്രദേശങ്ങളിലേക്ക് നിയോഗിച്ചതായി കാബിനറ്റ് സെക്രട്ടറി ടെഡി ഇന്ദ്ര വിജയ അറിയിച്ചു. സൈനിക വിമാനങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ കാബിനറ്റ് സെക്രട്ടേറിയറ്റ് പുറത്തുവിട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി നാലു നാവികകപ്പലുകളും വിന്യസിച്ചിട്ടുണ്ട്.