മരണം പെയ്ത മഹാദുരന്തം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 265 ആയി
അഹമ്മദാബാദ്: സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 265 ആയി. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു
ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം നേരെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ . അപകടസ്ഥലം പരിശോധിക്കാനും പരിക്കേറ്റവര്‍ ചികില്‍സയില്‍ കഴിയുന്ന സിവില്‍ ആശുപത്രി സന്ദര്‍ശിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് ഫോറന്‍സിക് സംഘവും ഉണ്ട്.
230 യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉണ്ടായിരുന്നു, 12 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനായ വിശ്വാസ്‌കുമാര്‍ രമേശ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.