ട്രെയിന്‍ യാത്രക്കാരുടെ മരണം; എന്‍ജിനീയര്‍മാര്‍ക്കെതിരേ കേസെടുത്ത് ഇന്ത്യന്‍ റെയില്‍വേ

ചരിത്രത്തിലാദ്യമായാണ് ട്രെയിന്‍ അപകടങ്ങളില്‍ റെയില്‍വേ എന്‍ജിനീയര്‍മാര്‍ക്കെതിരേ കേസെടുക്കുന്നത്

Update: 2025-11-04 10:12 GMT

താനെ: ട്രെയിന്‍ അപകടത്തില്‍ യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ എന്‍ജിനീയര്‍മാര്‍ക്കെതിരേ കേസെടുത്ത് ഇന്ത്യന്‍ റെയില്‍വേ. ജൂണ്‍ ഒന്‍പതിന് താനെയിലെ മുംബ്ര സ്റ്റേഷനിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തിലാണ് റെയില്‍വേയുടെ നടപടി. ചരിത്രത്തിലാദ്യമായാണ് ട്രെയിന്‍ അപകടങ്ങളില്‍ എന്‍ജിനീയര്‍മാര്‍ക്കെതിരേ കേസെടുക്കുന്നത്. അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ വിശാല്‍ ഡോലാസ്, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സമര്‍ യാദവ് എന്നിവര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നത്. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും അലക്ഷ്യമായി ട്രാക്ക് ഉപേക്ഷിച്ച് പോയെന്നുമുള്ള ആരോപണങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ളത്.

ജൂണ്‍ ഒന്‍പതിന് താനെയിലെ മുംബ്ര സ്റ്റേഷനിലാണ് സംഭവം. രണ്ടു ട്രെയിനുകള്‍ അതിവേഗം കടന്നു പോകുന്നതിനിടെയാണ് അപകടം. നാലുപേര്‍ മരിച്ചതിനു പുറമെ രണ്ടുപേര്‍ക്ക് തിരക്കേറിയ ട്രെയിനില്‍ നിന്നു വീണ് പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യമായി ട്രാക്ക് വെല്‍ഡ് ചെയ്യാത്തതുമൂലം ഒരു ഭാഗം താഴ്ന്നു പോയതാണ് അപകടത്തിനു കാരണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ട്രാക്ക് അകലം ക്രമീകരിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. അപകടത്തിനു മുമ്പ് കനത്ത മഴ പെയ്തത് അപകടത്തിന്റെ ആഘാതം കൂട്ടി. അപകടത്തെ തുടര്‍ന്നു നടത്തിയ അവലോകനത്തില്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതും കൃത്യ സമയത്ത് അറ്റകുറ്റ പണികള്‍ ചെയ്യാത്തതുമാണ് അപകടത്തിലേക്കു നയിച്ചതെന്ന് കണ്ടെത്തി. ഇത് അശ്രദ്ധയല്ലെന്നും മനപ്പൂര്‍വമായ വീഴ്ചയാണെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.